വെർജീനിയ: 19 മാസം പ്രായമുള്ള കുഞ്ഞിന് 21 മണിക്കൂർ വരെ ഭക്ഷണവും വെള്ളവും നൽകാതെ പട്ടിണിക്കിടുകയും 9 മണിക്കൂർ തുടർച്ചയായി തൊട്ടിലിൽ ഉപേക്ഷിക്കുകയും ചെയ്ത കെയർ ടേക്കർക്ക് കോടതി ശിക്ഷ വിധിച്ചു.
അമേരിക്കയിലെ വെർജീനിയയിലാണ് ഒന്നര വയസുകാരിയോട് അതിക്രൂരമായി പെരുമാറിയ കെയർ ടേക്കർക്ക് കേസിൽ കോടതി 12 മാസത്തെ ജയിൽ ശിക്ഷയ്ക്കും മൂന്ന് മാസത്തെ പ്രൊബേഷനും വിധിച്ചത്. കാർലി റേ വെബ്ബ് (21) കുട്ടിയോട് മോശമായാണ് പെരുമാറിയിരുന്നത്.
കുഞ്ഞിന്റെ മുഖത്ത് അടിക്കുക, കളിത്തോക്ക് ഉപയോഗിച്ച് വെടിവെക്കുന്നത് പോലെ അഭിനയിച്ച് ഭയപ്പെടുത്തുക, പെട്ടിയിലടയ്ക്കുക തുടങ്ങിയ വിചിത്രവും ക്രൂരവുമായ പ്രവർത്തികൾ യുവതി ചെയ്തിരുന്നു.
കുഞ്ഞിന്റെ മുഖത്ത് നോക്കി ആക്രോശിക്കുകയും മോശം വാക്കുകൾ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധിക്കു ശേഷം ഇവർ നിരീക്ഷണത്തിലായിരിക്കും.